Sunday, November 15, 2009

ഒരു തൃശൂര്‍ പൂരത്തിന്‍റെ അന്ന്....

            അമ്മ അത് പറഞ്ഞപ്പോള്‍ മുതല്‍ അമ്മു സന്തോഷത്തിലാണ്.തൃശൂര്‍ പൂരം കാണാന്‍ മുത്തശ്ശനും വരുന്നുണ്ടത്രേ.


             എത്ര കാലയീന്നറിയോ മുത്തശ്ശനെ കണ്ടിട്ട്.പായസം വെക്കുമ്പോ അമ്മ ഉണ്ണീടെ അമ്മോട് പറയുന്നുണ്ടായിരുന്നു,രണ്ടു കൊല്ലായീന്നു.
            ചോദിച്ചാ അമ്മ പറയും മുത്തശ്ശനും അച്ഛനും വഴക്കാണ്, പിണങ്ങിയിരിക്കാനൊക്കെ.
            ഞാന്‍ അച്ഛനോട് വഴക്ക് കൂടാറണ്ടല്ലോ,അച്ഛന്‍ അമ്മൂനോടും പിണങ്ങാറുണ്ട്. ഒരു  ഉമ്മ  കൊടുത്ത തീരണ പ്രശ്നല്ലേ ഉള്ളു, ഇന്നിട്ടാ.
            മുത്തശ്ശനിങ്ങു വരട്ടെ.അമ്മൂം പിണങ്ങും മുത്തശ്ശനോട്. ഇത്രേം കാലം മുത്തശ്ശന്‍ അമ്മൂന്നെ കാണാന്നും കൂടെ ഒന്ന് വന്നില്ലല്ലോ.
            അല്ലെ പോട്ടെ ല്ലേ.പാവം മുത്തശ്ശനല്ലേ.ശിക്ഷയായിട്ടു മുത്തശ്ശനെ കൊണ്ട് ബബ്ലൂതി മേടിപ്പിച്ചേക്കാം.മുത്തശ്ശന്‍ തന്നതായോണ്ട് അമ്മ ഒന്നും പറയൂമില്ല...ആ,അത് മതി.


          
      
          ഇന്ന് അമ്മൂന്‍റെ വീട്ടിലാ ഊണ്.അവള്‍ടെ മുത്തശ്ശന്‍ വരുന്നുണ്ട്.കുറെ കാലത്തിനു ശേഷാത്രെ. അമ്മ അമ്മൂന്‍റെ വീട്ടില്‍ കാലത്തേ പോയതാ. പായസൊക്കെ വെക്കുന്നുണ്ട്,അതിനു  അമ്മൂന്‍റെ അമ്മേനെ സഹായിക്കാന്‍.
              അമ്മു എന്തൊരു സന്തോഷത്തിലാ.അവള്‍ മുത്തശ്ശനെ കൊണ്ട് ബബ്ലൂതി മേടിപ്പിക്കൂത്രേ. ശിക്ഷയാ പോലും,ഇത്രേം കാലം അവളെ കാണാന്‍ വരാതിരുന്നേന്നു. ങൂം, നടന്നത്തന്നെ,അവള്‍ടെ അമ്മ അതിനു സമ്മതിച്ചിട്ട് വേണ്ടേ.


              "അമ്മു,നീ ബബ്ലൂതി മേടിച്ചാ ഇനിക്കും ഊതാന്‍ തരോ"
              "അയ്യട,ഉണ്ണിടെ റിമോട്ട് കാര്‍ ഇന്നാള് ഇനിക്ക് ഓടിക്കാന്‍ തന്നില്ലല്ലോ"
              "ആ...അത് പിന്നെ...അച്ഛന്‍ പറഞ്ഞിട്ടുണ്ട് അത് പെണ്‍പിള്ളാര്‌ ഓടിക്കാന്‍ പാടില്ലാന്നു"
              "ഇന്നാലും നീ തന്നില്ലല്ലോ"
              "ഞാന്‍ നിനക്കെന്‍റെ അച്ഛന്‍ ഗള്‍ഫീന്ന് കൊടുത്തയച്ച ഉണ്ട മിട്ടായി തന്നില്ലേ"
              "ഹും...രണ്ടെണ്ണം"
              "അയ്യാ, മൂന്നു"
              "ഇന്നാ നിനക്ക് ഞാന്‍ മൂന്ന് രാശ്യം ഊതാന്‍ തരാം,മത്യാ"
              "ഹും"

              "നിന്ന് നിന്ന് എന്‍റെ കാല് കഴച്ചു....ഈ മുത്തശ്ശന്‍ എന്താ വരാത്തെ"
              "അമ്മൂന്നല്ലേ തെരെക്കായിരുന്നെ സ്റ്റോപ്പീ വന്നു നിക്കാണ്ട്...പത്തരെക്കാനല്ലേ പറഞ്ഞെ, ഇപ്പ വരും"
              "പത്തരെക്ക് ഏതാ ബസ്‌"
              "നന്ദന്‍റെ സമയാ,പക്ഷേ ധനലക്ഷ്മി എത്തും, നോക്കിക്കോ"
              "അത് നിനക്ക അറിയാ"
              "ധനലക്ഷ്മീല് ഗോപു ചേട്ടന്‍റെ കൂട്ടുകാരനാ ഓടിക്കുന്നെ,ഇന്നാള് ഞാന്‍ പോയപ്പോ  പാലക്ക വളവീ വച്ചാ നന്ദനെ വെട്ടിച്ചേ...ഹോ,അവ്ട്യോക്കെ ഒടിചെടുക്കുന്നത് കാണണം,അടിപൊളിയാ...ഇന്നും വെട്ടിക്കും...മൂപ്പരെ പിടിക്കാന്‍ നന്ദന്‍കാരന്‍ ഇത്തിരി പുളിക്കും"
             "പുളിക്കും പുളിക്കും ,ദേ നന്ദനാ വരുന്നേ...അയ്യാ, അവന്‍റെ ഗോപു ചേട്ടന്‍റെ കൂട്ടുകാരന്‍ പോലും....."

        
              "ദാ, മുത്തശ്ശന്‍....."
              മുത്തശ്ശന്‍ കണ്ടു,അയാളുടെ കൈകളിലെക്കോടി വരുന്ന അമ്മുവിനെ....ഉണ്ണി കണ്ടു,സമ്മാനപ്പൊതികളേന്തിയ മുത്തശ്ശന്‍റെ കൈകളിലേക്ക് ഓടുന്ന അമ്മുവിനെ.....
              പക്ഷേ,നന്ദനെ വെട്ടിക്കുന്നതിനിടയില്‍ ഗോപു ചേട്ടന്‍റെ കൂട്ടുകാരന്‍ മാത്രം കണ്ടില്ല.......

            
               റോഡില്‍ നിന്ന് വാഴയിലയില്‍ പെറുക്കിയെടുത്ത മാംസപിണ്ഡങ്ങള്‍ ദഹിച്ചു ആവിയായി,കറുത്ത ടാറില്‍ പുരണ്ട രക്തവും ചോറും കാലം തെറ്റി പെയ്ത മഴ കഴുകി കളഞ്ഞു...ചിലത് മാത്രം ബാക്കിയായി.....അവകാശിയില്ലാതെ കുറെ സമ്മാനപ്പൊതികളും,മനസ് മറച്ചൊരു ശരീരവും.....ആരോ കണ്ണ് പൊത്തുന്നതിനു മുന്‍പ് കണ്ട കളികൂട്ടുകാരിയുടെ ചിതറിയ ചിത്രവും,നാവിന്‍തുമ്പില്‍ തെറിച്ചു വീണ ആ ചുവന്നതുള്ളിയുടെ രസവും.....
    

പിന്‍കുറിപ്പ്: ആദ്യമായി ഞാന്‍ തൃശൂര്‍ പൂരം കാണാന്‍ പോയ ദിവസം അഞ്ചേരിയില്‍ പൊലിഞ്ഞ ആ കൊച്ചു പെണ്‍കുട്ടിയേയും,ബസുകളുടെ മത്സരയോട്ടത്തില്‍ അറ്റു പോയ  ജീവിതങ്ങളും ഇവിടെ ഞാന്‍ സ്മരിക്കട്ടെ.

3 comments:

റോസാപ്പുക്കള്‍ said...

അവസാനത്തെ ആ രംഗം കണ്ണിന്‍ കണ്ടപോലെ....
ഹൃദയസ്പര്‍ശിയായി എഴുതി.അഭിനന്ദനങ്ങള്‍

n said...

@ rosappukkal

nandi,thangalude abhiprayangalum nirdesangulum njan vila mathikkunnunnu...

deepak m r...and eyes at my height... said...

saileshe kidilan !!!! iniyum nannayi ezhuthu!!!!