Friday, December 25, 2009

ഓട്ടോഗ്രാഫ്

 മഞ്ഞച്ചു പോയ ആ പുസ്തകത്താളില്‍
ഞാന്‍ തിരഞ്ഞു,
പോയ വസന്തകാലത്തിന്‍റെ ഓര്‍മകളും,
അവളുടെ കയ്യക്ഷരത്തിന്‍റെ മഷിക്കറയും.
കണ്ടെത്തിയത്,
തെറ്റിയതിലെല്ലാം കോറിവരഞ്ഞിട്ടതും,
വെണ്ണ്‍ചിതലുകളുടെ കാല്പാടുകളും.

മാറാല പിടിച്ച മനസ്സിന്‍റെ മച്ചിന്‍പ്പുറത്ത്
ഞാന്‍ തിരഞ്ഞു,
ഓര്‍മകളുടെ ആ ചില്ലുപ്പാത്രവും,
കൊടുക്കാതെ മറന്ന റോസാപ്പൂവും.
കണ്ടെത്തിയത്,
ചില്ല് കോറി കയ്യില്‍ ചോരത്തുള്ളികളും,
ശോണിമയറ്റ റോസാദളങ്ങളും.

പുകക്കറ പിടിച്ച തൊണ്ടയുടെ ഭിത്തികളില്‍
ഞാന്‍ തിരഞ്ഞു,
പാടി പതിഞ്ഞുപ്പോയ തയമ്പുകളും,
പാടാന്‍ കൊതിച്ച രാഗങ്ങളും .
കണ്ടെത്തിയത്,
സ്വരങ്ങളാകാന്‍ മടിച്ച ശ്വാസങ്ങളും,
ഒരു കോശത്തിന്‍റെ വികൃതികളും.