Sunday, May 9, 2010

യാത്രാമൊഴി

     ചുവരലമാരകളും മേശകളും ഒഴിഞ്ഞു,ബാഗുകളും പെട്ടികളും നിറഞ്ഞു,ഹോസ്റ്റല്‍ മുറിയുടെ മൂലകളില്‍ ചപ്പുചവറുകള്‍ കുന്നുകൂടി,ചുവരുകളെ യാത്രാമൊഴികള്‍ അലങ്കരിച്ചു.
  
     ഓരോരുത്തരായി എല്ലാവരും യാത്രയായി...കണ്ണില്‍ ഒരിറ്റു നനവോടെ,നെഞ്ചില്‍    പ്രിയസൗഹൃദങ്ങളുടെ ആലിംഗനത്തിന്‍റെ ചൂടോടെ,ഹൃദയത്തില്‍ നിറയും നൊമ്പരത്തോടെ...
  
     ബാഗ്‌ പായ്ക്ക് ചെയ്തു കഴിഞ്ഞിരുന്നു,ചുവരുകളില്‍ എന്‍റെതായി യാത്രാമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.എല്ലാവരും യാത്രയാകുമ്പോഴും സ്വയം പടിയിറങ്ങാന്‍ മനസ്സു മടിച്ചു.ജീവിതം അങ്ങനെയാണ്...നഷ്ടപ്പെടുകയാണ്,ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയുന്ന ആ നിമിഷത്തിലാണ് നമുക്ക് എന്തിനെയും ഏറ്റവും അധികം സ്നേഹിക്കാന്‍ കഴിയുന്നത്‌.
  
     ഇനി ചിലപ്പോള്‍ ഞാന്‍ മാത്രമായിരിക്കും ഇറങ്ങാന്‍ ബാക്കിയുള്ളത്.ബാഗുകള്‍ എടുത്ത്, ചുവരുകളിലെ യാത്രമൊഴികളില്‍ ഒരിക്കല്‍ കൂടി ഒന്ന് കണ്ണോടിച്ച്, ഏറെ സുന്ദരനാളുകള്‍ ചെലവിട്ട ആ മുറി വിട്ടു ഞാന്‍ ഇറങ്ങി.കോളേജിലൂടെ അവസാനമായി ഒന്ന് കൂടെ നടക്കണം,പിന്നെ യാത്രയാകാം...ഒരിക്കല്‍ സ്വന്തമെന്നു അഹങ്കരിച്ചതെല്ലാം, അങ്ങനെയല്ലതാവുകയാണ്...
  
     ഞാവല്‍ക്കാടുകള്‍ക്കരികിലൂടെ,ഞങ്ങളെ പിരിയുന്നതോര്‍ത്തു കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന മാവിന്‍കൂട്ടത്തിനിടയിലൂടെ ഞാന്‍ നടന്നു.അവയ്ക്കിടയില്‍ നിന്നും ഒരു കുളിര്‍ക്കാറ്റു എന്നെ തലോടി കടന്നു പോയി.ചിലപ്പോള്‍,അവരെന്നെ യാത്രയാക്കുന്നതായിരിക്കും.ആളൊഴിഞ്ഞ കാമ്പസില്‍ വിലസുന്ന ശ്വാനന്മാര്‍ എന്നെ പരിഹസിച്ചു കുരച്ചു. പലപ്പോഴും കല്ലെറിഞ്ഞു ഓടിച്ചിട്ടുള്ളതാണ് അവയെ.
  
     ഡിപ്പാര്‍ട്ട്മെന്റ്റിനു   മുന്നിലെത്തിയപ്പോള്‍ ഒന്ന് നിന്നു. ഇവിടെയാണ് മറക്കാനാവാത്ത സൗഹൃദങ്ങള്‍ കണ്ടെത്തിയത്, ആഘോഷങ്ങള്‍ അവിസ്മരണീയമാക്കിയത്...കടക്കണ്ണില്‍ ഉരുണ്ടു കൂടിയ ചെറുചൂട് കവിളുകളില്‍ ഒരു നേര്‍ത്ത രേഖയായി.ഞാന്‍ വീണ്ടും നടന്നു.
  
     നടവഴിയില്‍ തണല്‍ വിരിച്ച മരങ്ങള്‍ ചെറുകാറ്റില്‍ പൂക്കള്‍ പൊഴിച്ചു. മെയ്‌മാസപ്പൂവുകളും വാകപ്പൂക്കളും എനിക്ക് ചുറ്റും ഉതിര്‍ന്നു വീണു.
  
     കാന്‍ടീനിലേക്കും, വഴി തെറ്റി മാത്രം വെയില്‍ കടന്നു ചെല്ലാറുള്ള പുളിമരകാട്ടിലേക്കും നീളുന്ന നടവഴികള്‍ കടന്നു ഞാന്‍, നീണ്ട ഇടനാഴികളുള്ള ആ കോളേജ് കെട്ടിടത്തിനടുത്ത്‌ എത്തി.പകല്‍ ആളൊഴിയാത്ത,രാവിന്‍റെ ഇരുളില്‍ നിഗൂഡമായ ആ ഇടനാഴികള്‍ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു.രാത്രിയുടെ നിശ്ശബ്ദതയില്‍ ഇവിടെ വന്നിരിക്കുമ്പോള്‍, ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്,ആ നിശ്ശബ്ദതയുടെ ആഴങ്ങളിലെവിടെ നിന്നോ ഞങ്ങള്‍ക്ക് മുന്‍പേ കടന്നു പോയവരുടെ ആരവങ്ങള്‍ പ്രതിധ്വനിക്കുന്നുണ്ടെന്ന്...            
  
     നിന്നില്ല, അധിക നേരം അവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഗാലറി ലക്ഷ്യമാക്കി ഞാന്‍ നടന്നു...

     മഴമരങ്ങളും പൂവാകകളും തണല്‍ വിരിക്കുന്ന ഗാലറിയില്‍, എനിക്കേറെ ഇഷ്ടമുള്ള പൂവാകയുടെ ചുവട്ടില്‍ ചെന്ന് ഞാന്‍ നിന്നു.

     അവിടെ നിന്നു നോക്കിയാല്‍ കോളേജ് ഗേറ്റ് കാണാമായിരുന്നു.നിലാവുള്ള എത്രയോ രാത്രികളില്‍ ഇവിടെ കാറ്റു കൊണ്ടിരുന്നിട്ടുണ്ട്,എത്രയോ തവണ ഉച്ചവെയിലില്‍ ഇവിടെ തണല്‍ തേടിയിട്ടുണ്ട്...ഇനി അല്‍പ്പസമയം കൂടി...ആ ഗേറ്റിനപ്പുറത്തേക്ക് ഇവയെല്ലാം എനിക്ക് അന്യമാവുകയാണ്...
  
     വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു.വേനല്‍മഴയില്‍ അങ്ങിങ്ങായി പുല്‍നാമ്പുകള്‍ കിളിര്‍ത്ത  ചെമ്മണ്‍മൈതാനം ക്ലാവ് പിടിച്ച ചെമ്പ് തകിട് പോലെ തോന്നി.
  
     പിറകില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടാണു ഞാന്‍ തിരിഞ്ഞു നോക്കിയത്.
"നീ പോയിട്ടില്ലല്ലേ"അവള്‍ ചോദിച്ചു."പ്രതീക്ഷിച്ചു,ഇവിടെ...നിന്നെ"

"പോവ്വായി,കുറച്ച് നേരം കൂടി ഇവിടെ ഇങ്ങനെ...നീയെന്തേ"

"ഞാനും...അച്ഛന്‍ ഗേറ്റിന് പുറത്തു നിലക്കാണ്‌"

"ഇനി എന്നാണ് കാണുക"

"അറിയില്ല"

     നിമിഷങ്ങളില്‍ നിന്നും ഉതിര്‍ന്നു വീണ മൗനം ഗാലറിപ്പടവുകളില്‍ പ്രതിധ്വനിച്ചു...വാകമരം ദീര്‍ഘനിശ്വാസങ്ങള്‍ക്കിടയില്‍ പൂക്കള്‍ പൊഴിച്ചു...

    ഗേറ്റിനപ്പുറത്ത് ഹോണ്‍ ശബ്ദിച്ചു.
    യാത്രാമൊഴിയേകുമ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.തിരിച്ചു നടക്കുമ്പോള്‍ കണ്ണിലെ തിളക്കം അവളുടെ കവിളുകളില്‍ വീണുടഞ്ഞു...

    ജീവിതം അങ്ങനെയൊക്കെയാണ്...
    നഷ്ടപ്പെടുകയാണ്,ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിയുന്ന ആ നിമിഷത്തിലാണ്, നാം എന്തിനെയും ഏറ്റവും അധികം സ്നേഹിച്ചു പോകുന്നത്...


പിന്‍കുറിപ്പ്: ഒരു വസന്തകാലം അവിസ്മരണീയമാക്കിയ എന്‍റെ പ്രിയ സുഹൃത്തുക്കള്‍ക്ക്...