Sunday, July 18, 2010

ഒരു മുത്തശ്ശിക്കഥ

       "മുത്തപ്പാ, കാത്തു കൊള്ളണെ",എന്നെത്തെയും പോലെ തന്നെ ആയിരുന്നു അന്നും മുത്തശ്ശിയുടെ ദിവസം തുടങ്ങിയത്,കട്ടിലിനരികിലെ ജനല്‍ അല്പം തുറന്നു അമ്പലനടയിലേക്ക് നോക്കി മുത്തശ്ശി വിളിച്ചു.

    അരകല്ലിന്നരികിലെ ചെപ്പില്‍ നിന്നും ഉമിക്കരിയും ഉപ്പും എടുത്ത് മുറ്റത്തേക്കിറങ്ങുമ്പോഴും രാത്രിയുടെ ശബ്ദങ്ങള്‍ നിലച്ചിരുന്നില്ല. ചാമ്പ് പൈപ്പിന്നടുത്തുള്ള നെല്ലിമരത്തില്‍ കൂമ്പിയുറങ്ങിയിരുന്ന ഇലകള്‍ അരുണന്‍റെ ആദ്യ കിരണങ്ങളേറ്റ് മൂരി നിവരുന്നത്തെ ഉണ്ടായിരുന്നുള്ളു.

     മുത്തശ്ശി ചാമ്പ് പൈപ്പിനടുത്തേക്ക് നടന്നു.അമ്പലത്തില്‍ ശാന്തിക്കാരന്‍ എണീറ്റിരിക്കുന്നു."ഈ പുതിയ കുട്ടി കൊള്ളാം"അമ്പലത്തിനു മൊത്തത്തില്‍  ഒരൈശ്വര്യം കൈ വന്നിരിക്കുന്നു.കഴിഞ്ഞ ദിവസം ദേവിയെ അണിയിച്ചത് കാണാന്‍ നല്ല ശേലായിരുന്നു.

     എങ്ങനെയോ ഓര്‍മ്മ വന്നിട്ടെന്ന പോലെ കിഴക്കേതിലെ കരുവാന്‍റെ പൂവന്‍ ആലക്കു മുകളില്‍ കയറി നിന്നു പ്രഭാതത്തെ വരവേറ്റു.കൂജയിലെ തുളസിയിട്ട വെള്ളം അല്പമെടുത്ത് കുടിച്ചു മുത്തശ്ശി കുളിപ്പുരയിലേക്ക് നടന്നു.

     കുളിച്ചു വരുമ്പോഴേക്കും കൊച്ചുമകള്‍ എഴുന്നേറ്റിരുന്നു."അപ്പുവും മകളും ഇവിടുണ്ടായത്  ഭാഗ്യം, കുഞ്ഞുമോള്‍ക്ക് ആശുപത്രിയില്‍ ഒരു സഹായമായി. അല്ല, അവന്‍ അല്ലാതെ പിന്നാരാ 'അപ്പുവേട്ടന്റെ കുഞ്ഞുമോള്‍ക്ക്' തുണയാവേണ്ടത്"      
     
     എന്തിനാണാവോ മുത്തപ്പന്‍ കുഞ്ഞുമോളെയിട്ടിങ്ങനെ തീ തീറ്റിക്കുന്നത്. ആശിച്ചു മോഹിച്ചു ഒരു കുഞ്ഞുണ്ടായപ്പോള്‍ അതിനു രോഗം ഒഴിഞ്ഞൊരു നേരമില്ലായിരുന്നു. പനി പിടിച്ചു കൊണ്ട് പോയ കുഞ്ഞാണ്‌, എത്ര കാലമായി ആശുപത്രിയില്‍ തന്നെ. കുഞ്ഞുമോളും അവിടെ തന്നെ. അന്ന് മുതല്‍ കത്തുന്നതാണ് നെഞ്ചില്‍.ഒന്ന് കാണാന്‍ കൊണ്ട് പോകാന്‍ പറഞ്ഞാല്‍ അപ്പു ഒട്ടു കേള്‍ക്കില്ല.

     ഈയിടെയാണ് നെഞ്ചിലെ ആന്തലൊന്നു കുറഞ്ഞത്‌. കുട്ടിക്ക് പനി ഭേദമുണ്ട്. ഇപ്പോഴും ചികല്‍സിക്കുന്നത് ഇനിയും ഇങ്ങനെ വരാതിരിക്കാനാന്ന അപ്പു പറയുന്നേ.

     അരി വാര്‍ത്ത് അടുപ്പത്തിട്ട്, തീ നീക്കാന്‍ കൊച്ചുമകളെ ഏല്‍പ്പിച്ചു മുത്തശ്ശി അമ്പലത്തിലേക്ക് നടന്നു. വീടിനും അമ്പലപ്പറമ്പിനും  അതിരൊന്നയിരുന്നു. അമ്പലമുറ്റം വൃത്തിയാക്കുന്നതും മറ്റും മുത്തശ്ശിയാണ്  കാലങ്ങളായി ചെയ്യുന്നത്.

     "ഇന്നാലും നിങ്ങടെ കുഞ്ഞുമോള്‍ടെ കാര്യം കഷ്ടായി പോയി. ഇക്കണ്ടാതൊക്കെ ചെയ്തു അവള്‍ക്കൊരു കൊച്ചുണ്ടായിട്ടു അത് കമിഴന്നാവുമ്പഴേക്കും അതിനു കുഴി കുത്താന്നാവ്വന്ന് പറഞ്ഞ. അവള്‍ക്ക് കുഞ്ഞിനെ വളര്‍ത്താന്നൊന്നും യോഗില്ല്യന്നാ തോന്നണേ"
മുത്തശ്ശി വിളക്ക് മോറുകയായിരുന്നു. ഇടക്കൊക്കെ സഹായത്തിനു വടക്കേലെ കുഞ്ഞിപ്പെണും വരും.
"ദെ പെണ്ണെ, മുത്തപ്പന്റെ നടയായി പോയി"
"എന്നോടെന്തിനാ ചാടണെ, നിങ്ങടെ മോന്‍ ന്‍റെ ചെക്കനോട് പറയണത് കേട്ടതാ.നിങ്ങളോട് പറയാത്തതാവും"

     മുത്തശ്ശി കഴുകിയതെല്ലാം തിണ്ണയിലേക്ക് വച്ച് വീട്ടിലേക്കു നടന്നു.
"അസത്ത്, നാവെടുത്താല്‍ അശ്രീകരെ പറയു....അപ്പു പറഞ്ഞില്ലേ പനിയൊക്കെ മാറീന്നു...അവന്‍ കള്ളം പറയോ...."

"അല്ല, എന്തിനാ ഒരു പനിക്ക് ഇത്രേം കാലമൊക്കെ ആശുപത്രിയില്‍ ഇടണേ....മുത്തപ്പാ കാക്കണേ....എന്നെ എടുത്തിട്ടാണേലും വേണ്ടില്ല, കുഞ്ഞുമോള്‍ക്ക് അവള്‍ടെ കുഞ്ഞിനെ തിരിച്ചു കൊടുക്കണേ"....

     "മുത്തശ്ശി,ഇന്നെന്താ കൂട്ടാന്‍ വക്കുന്നെ"
വീടെത്തിയിരുന്നു. അപ്പു ആശുപത്രിയില്‍ നിന്നു വന്നിട്ടില്ല.
അവനോടു ചോദിച്ചാല്‍ മനസ്സൊന്നു തണുത്തേന്നേ....ഇല്ല, ഇത്രേം വഴിപാടൊക്കെ ചെയ്തുണ്ടായതല്ലേ, ആ കൊച്ചിന്നൊന്നും വരുത്തില്ല മുത്തപ്പന്‍....

"മോള് കുറച്ച് പരിപ്പ് വെള്ളത്തിലിട്,പൊടിപൊടിയായി കുത്തിക്കാച്ചാം"
കുഞ്ഞുമോള്‍ക്ക് പരിപ്പ് കുത്തി കാച്ചിയതും കഞ്ഞീം വല്ല്യിഷ്ടായിരുന്നു ചെറുപ്പത്തില്‍.
"മുത്തശ്ശി ഒന്ന് കിടക്കട്ടെ, എന്തോ ഒരു വല്ലായ്ക പോലെ".....


     പരിപ്പുമണികള്‍ കുതിര്‍ന്നിറങ്ങി, വെള്ളം തെളിഞ്ഞു...അപ്പോഴേക്കും പക്ഷേ കൈപ്പുണ്യം തയമ്പിച്ച കൈകളില്‍ തണുപ്പ് പടര്‍ന്നിരുന്നു.....  


     തഴപ്പായിലെ വെള്ള പുതച്ച അമ്മയുടെ ദേഹത്തിനരികില്‍ ഇരിക്കുമ്പോഴും അമ്മയുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍ കരഞ്ഞില്ല. കരയാന്‍ അന്ന് അവള്‍ക്ക് കഴിയില്ലായിരുന്നു.
     ഉറക്കമില്ലാത്ത രാത്രികള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും കണ്ണീരിനും ഒടുവില്‍, ഡോക്ടര്‍മാരുടെ മലര്‍ത്തിയ കൈകളും നിരാശയും മാത്രമായ ദിവസങ്ങളില്‍, കൈ വിട്ടു പോയെന്നു കരുതിയ മകളെ തനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു....
ദിവസങ്ങളായി ചില്ലുകൂട്ടിനുള്ളില്‍ തുണിമറക്കിടയിലൂടെ മാത്രം കണ്ടിരുന്ന പൊന്നു മകളെ തനിക്കിനി കൈയിലെടുത്തു താലോലിക്കാന്‍ കഴിയും, അവളെ മാറോടു ചേര്‍ക്കാനും ഉമ്മ വെക്കാനും കഴിയും.
ഇനിയും അവള്‍ വിശക്കുമ്പോള്‍ കരയും, വിശപ്പ്‌ മാറുമ്പോള്‍ കൈകാലുകള്‍ ഇളക്കി കളിക്കും, തന്‍റെ മുഖത്ത് നോക്കി പുഞ്ചിരി തൂകും....

തെക്കേപ്പുറത്ത് സ്ഫുടം ചെയ്യുന്നതിനുള്ള ചിരട്ടക്കെട്ടുകള്‍ കൊണ്ട് വന്നിടുന്ന ശബ്ദം കേട്ടു....അമ്പലത്തിലെ ആല്‍മരത്തില്‍ എന്തെന്നില്ലാത്ത മര്‍മ്മരങ്ങളും...

ഇല്ല, കുഞ്ഞുമോള്‍ ഇപ്പോഴെങ്ങും അറിയില്ല, അവളുടെ കുഞ്ഞിന്റെ കൈകളില്‍  കൈപ്പുണ്യത്തിന്റെ തയമ്പുകള്‍ രൂപപ്പെട്ടത്...