Friday, April 8, 2011

ചില ചുവരെഴുത്തുകള്‍

മറവി 

മഴ പെയ്ത് തോട് ഇത്തവണയും നിറഞ്ഞിരുന്നു,മേശവലിപ്പില്‍ വര്‍ണ്ണക്കടലാസുകള്‍ ഉണ്ടായിരുന്നു...പക്ഷേ,കടലാസുവഞ്ചി ഉണ്ടാക്കാന്‍ എന്തോ, ഞാന്‍ മറന്നു പോയിരിക്കുന്നു...

ചുവരുകള്‍ 


ഞങ്ങള്‍ക്കിടയില്‍ എന്നും ചുവരുകള്‍ ഉണ്ടായിരുന്നു.

അത് കൊണ്ടായിരിക്കാം, എല്ലാ ചുവരിലും ഞാന്‍ കാതോര്‍ക്കുന്നത്.

ആ മണ്‍ക്കട്ടക്കൂട്ടത്തിന്‍ അപ്പുറത്ത്,
ഹൃദയമിടിപ്പിന്റെ ഒരു വിരഹത്താളത്തിനായ്‌,
പ്രണയത്തിന്റെ ഒരു ദീര്‍ഘനിശ്വാസത്തിനായ്

ചുവര്‍ചിത്രം

ആരോ പറഞ്ഞു കേട്ടിട്ടുണ്ട്,

എല്ലാ ചുവരും ഉള്ളിന്റെ ഉള്ളില്‍ ഒരു ചിത്രം ഒളിപ്പിച്ചു വെക്കുമെന്ന്.

കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്ത, കൈ കൊണ്ട് തൊടാന്‍ കഴിയാത്ത ഒരു മായികചിത്രം.

ശബ്ദങ്ങളും വികാരങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഒരു  വര്‍ണ്ണചിത്രം.

ഒരിക്കലും വരയൊഴിയാത്ത ചിത്രം, ചിതലെഴുതുകളുടെ സമാഹാരം.